
ഇന്ത്യന്‍ ഫാഷന്‍ റാംപുകളില്‍ ചുവടുവെയ്ക്കുന്ന പ്രശസ്ത മലയാളി മോഡലുകളായ
ലക്ഷ്മി ആനന്ദും രാജീവ് പിള്ളയും റിലാക്‌സേഷന്‍ മൂഡില്‍, ഒരു
ഔട്ടിങ്ങില്‍..
തളിരിലയിലയില്‍ നിന്നുതിര്‍ന്ന തുഷാരമായി ഞാനറിയാതെ പ്രകൃതിയില്‍ ലയിച്ചു.
അതിരപ്പിള്ളിയുടെ കൈക്കുടന്നയില്‍ നിന്ന് ഒഴുകിയെത്തുന്ന പനിനീരില്‍,
ഒരുപാടു തവണ മുങ്ങിനിവര്‍ന്നു. എന്റെ സ്വപ്‌നം ചിപ്പിക്കുള്ളില്‍ നിന്ന്
പുറത്ത് കടന്നു... ചാലക്കുടിപ്പുഴയുടെ തീരത്ത് ഒരു പൂമ്പാറ്റയായി
പാറിപ്പറന്നു...
ഞാനൊരു
പാതി മലയാളിയാണ്. പാലക്കാടാണ് അച്ഛന്റെ വീട്. അമ്മയുടേത് ബംഗലൂരുവും.
കുട്ടിക്കാലത്തൊന്നും അച്ഛന്റെ നാട് കാണാന്‍ വന്നിട്ടില്ല. പക്ഷേ
കേട്ടുവളര്‍ന്നത് മലയാള നാട്ടിലെ കഥകളാണ്. വികൃതിത്തരത്തിന് കയ്യും കാലും
വെച്ച രൂപമായതിനാല്‍ എന്നെ ഭക്ഷണം കഴിപ്പിക്കല്‍ വലിയൊരു സാഹസമായിരുന്നു!
എന്നെ എടുത്ത് നടന്ന് മലയാളനാടിനെക്കുറിച്ചും നാട്ടിലെ കഥകള്‍ പറഞ്ഞു
തന്നുമാണ് അച്ഛന്‍ ഭക്ഷണം തന്നിരുന്നത്. ആ കഥകളിലെല്ലാം ഈ നാടിന്
പച്ചനിറമായിരുന്നു. അച്ഛന്റെ ഒക്കത്ത് നിന്നിറങ്ങിയിട്ടും ആ നിറം മനസ്സില്‍
നിന്ന് മാഞ്ഞിരുന്നില്ല. കേരളത്തിലൊരു വെക്കേഷന്‍ എന്ന എന്റെ
സ്വപ്‌നത്തിനും പച്ച നിറമായിരുന്നു. കാലം ചെല്ലുംതോറും മനസ്സിലെ
ചിപ്പിക്കുള്ളില്‍ ആ പച്ചയ്ക്ക് നിറം കൂടി വന്നു.
ബംഗലൂരുവില്‍ വളര്‍ന്നത് കൊണ്ടാവാം മോഡലിങ്ങ് പ്രൊഫഷനാക്കണമെന്ന മോഹം
എന്റെയുള്ളില്‍ ഉറച്ച് പോയത്. അത് ഭാഗ്യമായി, കേരളത്തിലെത്താനുള്ള ഒരു
കാരണമായി തീര്‍ന്നു മോഡലിങ് പ്രൊഫഷന്‍. 2010 ലെ മിസ്.ബംഗലൂരു ഫസ്റ്റ്
റണ്ണറപ് ആയതിന് ശേഷം കൊച്ചിയിലൊരു ഷോയ്‌ക്കെത്തി. കൊച്ചിക്കായലൊക്കെ കണ്ടു.
ഒരു മാസത്തിനിടെ വീണ്ടുമെത്തി കൊച്ചിയില്‍. ഇത്തവണ മിസ് സൗത്ത് ഇന്ത്യ
മോഡല്‍ ഹണ്ടില്‍ പങ്കെടുക്കാന്‍. അതില്‍ വിന്നറായതിന്റെ ആഹ്ലാദം
പങ്കിട്ടതും കൊച്ചിക്കായലിന്റെ ഓളങ്ങള്‍ക്കൊപ്പമായിരുന്നു. അപ്പോഴും
കൊച്ചിവിട്ടൊരു ഡെസ്റ്റിനേഷനില്‍ പോകാന്‍ സാധിച്ചില്ല.
മുംബൈ,
ബംഗലൂരു റാംപുകളും ഷോകളുമെല്ലാമായി തിരക്ക് പിടിച്ച സമയത്തായിരുന്നു
ഡിഗ്രി ഫൈനല്‍ എക്‌സാം. എല്ലാം കഴിഞ്ഞൊന്ന് റിലാക്‌സ് ചെയ്യണമെന്ന് തോന്നി.
കേരളത്തിലാവമെന്ന് തീരുമാനിച്ചാണ് മലയാളമണ്ണിലെ എന്റെ ഏക സുഹൃത്ത്, രാജീവ്
പിള്ളയെ വിളിച്ചത്. രാജീവിനൊപ്പം മുംബൈ, ബംഗലൂരു റാംപുകളില്‍ ഞാന്‍ ചുവടു
വെച്ചിട്ടുണ്ട്. ലാക്‌മെ ഫാഷന്‍ വീക്കില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന്
തിരഞ്ഞെടുക്കപ്പെട്ട ഏക മോഡലായ രാജീവിന് എന്നേക്കാള്‍ തിരക്കാണ്.
സംശയിച്ചാണ് രാജീവിനോട് കാര്യം പറഞ്ഞത്, എനിക്കൊന്നു റിലാക്‌സ്
ആവണം...'ഭാഗ്യം, ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജീവ്
കൊച്ചിയിലുണ്ടായിരുന്നു. അവന്‍ ഒ.കെ പറഞ്ഞു. അതിരപ്പിള്ളിയുടെ ഓരത്ത്,
ചാലക്കുടിപ്പുഴയുടെ തീരത്ത്, കൊന്നക്കുഴിയിലുള്ള ആയുര്‍സൗഖ്യം
റിസോര്‍ട്ടില്‍ ഒരു ദിവസം..

കൊച്ചിയില്‍ നിന്ന് രാവിലെ പുറപ്പെടുമ്പോള്‍ ഡിസംബറിലെ മഞ്ഞിന്റെ വലയങ്ങള്‍
മാഞ്ഞിരുന്നില്ല. ചാലക്കുടിയെത്തും വരെ കാഴ്ച്ചകളെല്ലാം സാധാരണം. അവിടെ
നിന്ന് അതിരപ്പിള്ളിയിലേക്കുള്ള വഴി കുറച്ച് ചെന്നതോടെ മനസ്സിലെ
പച്ചപ്പിന്റെ നിറമായി ചുറ്റുപാടും. പ്രഭാത സൂര്യനെ താഴേക്ക് നോക്കാന്‍
അനുവദിക്കാതെ റോഡിന് കുടചൂടിയ പലതരം മരങ്ങള്‍ ഇരുവശത്തും.
റിസോര്‍ട്ടെത്താറായതോടെ, ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന
കാരണവന്‍മാരെ പോലെ കാറ്റ് പിടിച്ച് പിന്നോട്ട് ചാഞ്ഞ് കാറ്റാടിമരങ്ങളും...

നാടുണരും
മുന്‍പേ റിസോര്‍ട്ടിലെത്തി. ഔഷധച്ചെടികള്‍ മാത്രമുള്ള റിസോര്‍ട്ട്.
ഇത്രയും നേരം കാറിലിരുന്നതല്ലേ, ഒരു മോണിങ് വാക്ക് ആകാമെന്ന് തോന്നി. ഞാനും
രാജീവും വെറുതെ ഔഷധച്ചെടികളെ തഴുകി നടന്നു. കായ്ച്ചു നില്‍ക്കുന്ന
ജാതിമരങ്ങള്‍. അമ്മ പറഞ്ഞു തന്നത് ഓര്‍മ്മവന്നു. ജാതിയില്‍,
പെണ്‍ച്ചെടികള്‍ മാത്രമേ കായ്ക്കു. രാജീവിനെ കളിയാക്കാന്‍ വെറുതെ ഒരു
കമന്റടിച്ചു. എവിടെ ചെന്നാലും പെണ്‍പട ചുറ്റും കൂടുമല്ലോ...!'കാര്യം
മനസ്സിലാവാതെ രാജീവ് അന്തം വിട്ട് നിന്നപ്പോള്‍,'ജാതിവിശേഷം'പറഞ്ഞു
കൊടുത്തു.

പിന്നെ
ഒരു ആയുര്‍ മസാജും റിലാക്‌സേഷനും. രാജീവിന് കിഴി ചികിത്സയും എനിക്ക്
നസ്യവും. തൈലങ്ങളുടേയും കഷായങ്ങളുടേയും ഗന്ധങ്ങള്‍ തിങ്ങിയ മുറിയിലെ
എണ്ണത്തോണിയില്‍ കണ്ണടച്ച് എത്ര നേരം വേണമെങ്കിലും കിടക്കാന്‍ തോന്നി. സുഖ
ചികിത്സ കഴിഞ്ഞപ്പോള്‍ മനസ്സാകെയൊന്നുണര്‍ന്നപ്പോലെ. ഇനി ചിണുങ്ങിയൊഴുകുന്ന
ചാലക്കുടിപ്പുഴയുടെ തീരത്തിരിക്കാമെന്ന് രാജീവ് പറഞ്ഞപ്പോള്‍,
പുഴയിലിറങ്ങാനാണ് മനസ്സ് കൊതിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷമാവട്ടെ എന്ന്
പറഞ്ഞ് മനസ്സിനെ അടക്കിയിരുത്തി. പുഴയും മലകളും ചേര്‍ന്ന കൊന്നക്കുഴിയുടെ
സൗന്ദര്യം കണ്‍നിറയെ കണ്ട് തീരത്തിരുന്നു. ഉച്ചഭക്ഷണത്തിന് നേരമായി.
മോഡലിങ്ങാണ് പ്രൊഫഷന്‍ എന്നതിനാല്‍ കണ്‍ട്രോള്‍ഡ് ഡയറ്റാണ്
ഞങ്ങളിരുവര്‍ക്കും. അതിനു ശേഷം റൂമിലൊരു ഉച്ചമയക്കം.

ഉറക്കമെഴുന്നേറ്റപ്പോള്‍
മൂന്നുമണിയായിരിക്കണം. ചാലക്കുടി പുഴയുടെ കൈകളിലേക്കിറങ്ങാന്‍ ഞങ്ങള്‍
തയ്യാറായി. പുഴ ശാന്തമായി ഒഴുകുകയാണ്. യുദ്ധത്തിനിടയില്‍ ബങ്കറിലിരിക്കുന്ന
പട്ടാളക്കാരുടെ ചട്ടിതൊപ്പികള്‍ പോലെ കറുകറുത്ത പാറകള്‍ പുഴയില്‍
നിന്നുയര്‍ന്നു നില്‍ക്കുന്നു. പുഴ മുറിച്ച് കടക്കുകയെന്നാല്‍ ഒരു യുദ്ധം
തന്നെയാണ്! പായല്‍ നിറഞ്ഞ പാറകളില്‍ ചവിട്ടിയാല്‍ തെന്നുമെന്നുറപ്പ്.
രാജീവ് ധൈര്യം തന്നു. ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ ഞങ്ങള്‍ നടന്നു.
ചിലയിടങ്ങളില്‍ വെള്ളത്തിന് തണുപ്പും ഒഴുക്കും കൂടുതല്‍. ആഴമേറിയ
ഭാഗങ്ങളില്‍, പുഴയിലെ വെള്ളം കൈകളില്‍ കോരിയെടുക്കുന്നത് പോലെ രാജീവ് എന്നെ
എടുത്തുയര്‍ത്തി നടന്നു. താഴെയിട്ടാല്‍ എല്ലിന്റെ എണ്ണം കൂടുമെന്നും
പല്ലിന്റെ എണ്ണം കുറയുമെന്നും രാജീവിനെ ഓര്‍മ്മിപ്പിച്ചു. അവന്‍
പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു 'പല്ലിന്റെ കാര്യത്തില്‍ പേടിക്കണ്ട, ഞാന്‍
ചികിത്സിച്ചോളാം...'അതു കേട്ടപ്പോഴാണ് ഓര്‍ത്തത്, ഡെന്റിസ്റ്റിന്റെ
പ്രാക്ടീസ് മതിയാക്കി മോഡലിങ്ങിലേക്ക് ഇറങ്ങിയതാണല്ലോ രാജീവെന്ന്. തിരിച്ചു
കരയിലേക്ക് കയറുമ്പോള്‍ അല്‍പ്പം അഹങ്കാരിയായതിന്റെ ശിക്ഷ കിട്ടി. ഒരു
പാറയില്‍ നിന്ന് അടുത്തതിലേക്ക് എടുത്തു ചാടിയതാണ്. കാല് വെച്ചതും തെന്നി
വെള്ളത്തിലേക്ക് തെറിച്ചതും ഒരുമിച്ചായിരുന്നു. ഭാഗ്യം, തലയിടിച്ചില്ല.

കൊന്നക്കുഴിയെന്ന ഗ്രാമവും പുഴയും മലകളുമെല്ലാം മനസ്സിനെ കുറച്ചു വര്‍ഷം
പിന്നോട്ടൊഴുക്കി. കുട്ടിക്കാലത്ത് അമ്മയുടെ അനിയത്തിയുടെ വീട്ടില്‍
അവധിക്കാലം ചെലവഴിക്കാന്‍ പോയതാണ് ഓര്‍മ്മ വന്നത്. കര്‍ണാടകയിലെ
തുംകൂറിലാണ് അത്. തുറുവേക്കരെ എന്ന ഗ്രാമം, ഏതാണ്ട് ഇതേ ഭൂപ്രകൃതി. പക്ഷേ
ഇത്ര പച്ചപ്പില്ല. നദി നീലിമയാര്‍ന്നതല്ല. അവിടുത്തെ ഗംഗാധരേശ്വര ക്ഷേത്രം
അന്നും ഇന്നും എനിക്ക് കൗതുകമായിരുന്നു. ഗംഗാദേവിയെ ജടയിലൊളിപ്പിച്ച
പരമശിവനാണ് പ്രതിഷ്ഠ. ഹോയ്‌സാല രാജവംശത്തിന്റെ കാലത്തുള്ളതാണ് ഈ ക്ഷേത്രം.
നിറയെ ശില്‍പ്പങ്ങളാണ്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്ന ഏഴടി
ഉയരത്തിലുള്ള ശിവവാഹനമായ നന്ദിരൂപം തന്നെ അതിശയിപ്പിക്കുന്നതാണ്.
ചാലക്കുടിപ്പുഴയിലെ പാറകളേക്കാള്‍ കറുപ്പാണ് നന്ദിയെ
നിര്‍മ്മിച്ചിരിക്കുന്ന കല്ലിന്. തേച്ച് മിനുക്കി മിനുസപ്പെടുത്തിയതിനാല്‍
നമ്മുടെ രൂപം തന്നെ നന്ദിയുടെ ദേഹത്ത് കാണാം... അക്കാലത്തിന് ശേഷം
ഇപ്പോഴാണ്് ഗ്രാമക്കാഴ്ച്ചകളിലേക്കും പ്രകൃതിയിലേക്കും വീണ്ടും തിരിച്ച്
നടക്കുന്നത്.

നദിയില്‍
നിന്നും മുറിയിലെത്തി ഒന്നു കുളിച്ച ശേഷം ശുഭ്രവസ്ത്രധാരികളായി, വീണ്ടും
നദിക്കരയിലെത്തി. ധ്യാനത്തിനായി ഒന്നു രണ്ട് പാറകള്‍ കടന്ന് പീഠം പോലുള്ള
ഒന്നില്‍ കയറി ചമ്രംപടിഞ്ഞിരുന്നു, വൈകുന്നേരത്തെ കാറ്റേറ്റ് മലയുടെ
ചുവട്ടില്‍, നദിയുടെ മടിയില്‍ ധ്യാനനിമഗ്നരായി... പുഴക്കരയില്‍
ധ്യാനിക്കുന്ന വെള്ള കൊക്കുകളെ പോലെ...ഒടുവില്‍, സന്ധ്യമയങ്ങാന്‍
തുടങ്ങുമ്പോള്‍ റിസോര്‍ട്ടിനോട് വിട പറഞ്ഞു. രാജീവിനൊപ്പം
കൊച്ചിയിലേക്ക്...ഇതിനടയിലെപ്പോഴോ മനസ്സിന്റെ സ്വപ്‌നചിപ്പിയില്‍ പച്ച
നിറത്തില്‍ നദിയുടെ നീലനിറവും ലയിച്ചിരുന്നു....
രാജീവ് പിള്ള
കേരളത്തില്‍
നിന്നും ഇന്ത്യന്‍ റാംപുകളിലെത്തി പ്രശസ്തനായ മോഡല്‍. ഡെന്റല്‍ ഡോക്ടറായ
ശേഷമാണ് മോഡലിങ്ങിലെത്തിയത്. മുംബൈ ലാക്‌മെ ഫാഷന്‍ വീക്കില്‍
തിരഞ്ഞെടുക്കപ്പെട്ട ഏക ദക്ഷിണേന്ത്യന്‍ മെയില്‍ മോഡല്‍. ഡല്‍ഹി മെന്‍സ്,
വില്‍സ്, മുംബൈ കുട്യൂര്‍ (couture) എന്നീ ഫാഷന്‍ വീക്ക് ഷോകളില്‍
റാംപിലെത്തി. ഇന്ത്യയിലെ പ്രശസ്ത ഡിസൈനര്‍മാരുടെ സ്ഥിരം മോഡല്‍. ഇപ്പോള്‍
മലയാള സിനിമകളിലും ചുവടുറപ്പിക്കുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും
ഒന്നിക്കുന്ന 'സിറ്റി ഓഫ് ഗോഡ്''എന്ന സിനിമയിലും ദീപന്‍-പത്മകുമാര്‍
ടീമിന്റെ 'ലണ്ടന്‍ ഡ്രീംസി'ലും അഭിനയിക്കുന്നു.
Travel Tastes:ലൈഫില്‍ ഇടയ്ക്കിടെ ഒന്നു റിഫ്രഷ് ആകണം. ഒറ്റയ്ക്ക്
യാത്ര പോകുവാന്‍ താത്പര്യമില്ല ഇഷ്ടപ്പെട്ട കൂട്ടുകാരുമൊത്ത് സ്വച്ഛമായ
ഇടത്തേക്ക് ഒരു ഔട്ടിങ്. ബൈക്കിങ് ആണ് ഏറ്റവും താത്പര്യം. കാഷ്വല്‍സ് ആണ്
യാത്രാ വേളകളിലെ ഡ്രസ്സിങ്. സ്‌കോട്ട്‌ലന്‍ഡാണ് പ്രിയ ഡെസ്റ്റിനേഷന്‍.
ലക്ഷ്മി ആനന്ദ്
ബംഗലൂരുവില്‍
ജനിച്ച് അടുത്തിടെ റാംപിലേക്ക് എത്തിയ മലയാളി ബന്ധമുള്ള മോഡലാണ് ലക്ഷ്മി.
2010ലെ മിസ് ബംഗലൂരു മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ്, മിസ്.ഫോട്ടോജനിക്ക്
എന്നീ സ്ഥാനങ്ങള്‍ നേടി. കൊച്ചിയില്‍ നടന്ന മിസ് സൗത്ത് ഇന്ത്യ മോഡല്‍
ഹണ്ടില്‍ വിന്നര്‍. മുംബൈ, ബംഗലൂരു റാംപുകളിലെ സ്ഥിരം സാന്നിധ്യം.
ന്യൂയോര്‍ക്കിലെ റാംപുകളില്‍ ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ്.
Travel Tastes: ബൈക്കില്‍ പോകാനാണ് താത്പര്യം. ദീര്‍ഘയാത്രകള്‍
കാറിലും. റിലാക്‌സ് ചെയ്യാനും റീജുവനേഷനും പറ്റിയ ഇടങ്ങള്‍ വേണം. മറ്റൊരു
ചോയിസ്, അഡ്വഞ്ചറസായ സ്ഥലങ്ങളാണ്. കംഫര്‍ട്ടബ്‌ളായ വസ്ത്രങ്ങള്‍: ജീന്‍സ്,
ഷോര്‍ട്ട്‌സ്, ടീ-ഷര്‍ട്ട്. ഇതുവരെ പോയതില്‍ കൂര്‍ഗ്ഗ് ആണ് മനസ്സിനിണങ്ങിയ
ഇടം.
No comments:
Post a Comment
ഡേയ് വല്ലതും എഴിതീട്ടു പോടെയ്...
ദയവായി തെറി മാത്രം വിളിക്കരുത് ... ഞാന്‍ ഇനിയും എഴുതും .. നിങ്ങള്‍ മനസ്സ് തുറന്നു എന്നെ അഭിനന്ദിചോളൂ .. എന്നെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ..